2008-06-07

സാമ്യങ്ങളുടെ കൂട്ടുകാരി........

പരസ്പര വൈരുദ്ധ്യമാണ്‌ കവിത എന്ന്
എന്നെ പഠിപ്പിച്ചത്‌ ആരായിരുന്നു.....
മുന്നറിവില്ലാത്ത അപ്രതീക്ഷിത
നിമിഷങ്ങളില്‍ ഇണങ്ങുകയും
അതേ അപ്രതീക്ഷിതത്തോടെ
നുണക്കുഴി തെളിയും പുഞ്ചിരിയുമായ്‌
ഇണങ്ങുകയും ചെയ്യുന്ന
സാമ്യങ്ങളുടെ എന്റെ കൂട്ടുകാരി........
അത്‌ നീയായിരുന്നുവോ???
ഒരു നീണ്ട മൗനത്തിനു ശേഷം
വര്‍ഷാവേശത്തിന്റെ ഇരമ്പലോടെ
സ്വപ്നങ്ങളുടെ തുവ്വല്‍ ചിറകിലേറി
ഇനിയൊരിരുണ്ട ദു:ഖമായ്‌ നിനക്കും
എന്നിലെയോര്‍മയില്‍ ചേക്കേറാം....
കിളിചിലക്കാത്ത വസന്തങ്ങളില്‍
ഇനിയൊരുന്മാദ സ്പര്‍ശം പോലെ
എന്റെ തൂലിക തുമ്പില്‍ നിന്നും
ഡയറി താളുകളുടെ സ്വകാര്യതയിലേക്ക്‌
മഷിക്കറുപ്പിന്‍ കണ്ണുനീര്‍ കൂട്ടോടെ
ഇനി നിനക്കും ഒലിച്ചിറങ്ങാം...
കൈ തട്ടി മറിഞ്ഞ സിന്ദൂരക്കൂട്ടു പോല്‍
നിറമാര്‍ന്ന മേഘശകലങ്ങളില്‍
തിരിച്ചൊഴുക്കില്‍ വഴി മറന്ന പക്ഷിക്കൂട്ടം പോല്‍....
ഇനി നീയും ..........................
പുറത്തു മഴയില്‍ കുതിര്‍ന്ന
മണക്കുന്ന മഞ്ചാടി മണികളില്‍
ആരുടെ ദു:ഖമാണ്‌ നീ തിരയുന്നത്
നനുത്ത കൈവിരല്‍ കൊണ്ട്‌
ആരുടെ സ്പര്‍ശമാണ്‌ നീയാഗ്രഹിക്കുന്നത്‌?..
മഷിയുണങ്ങിയ നിന്‍ തൂലികയാല്‍
ഏതു വരിയാണ്‌ നീയനുകരിക്കുന്നത്‌?
ഒടുവില്‍.....
നക്ഷത്ര തിളക്കമുള്ള നിന്റെ കണ്ണുകളുടെ
ഒരു വിദൂര കാഴ്ച- പോലുമവശേഷിപ്പിക്കാതെ
സ്വപ്നവര്‍ണ്ണങ്ങളുടെ ഏതു ലോകത്തേക്കാണ്‌
യാത്രാ മൊഴി പോലുമില്ലാതെ
നീയും നടന്നകന്നത്‌?????
പരസ്പര വൈരുദ്ധ്യമാണ്‌ കവിത എന്ന്
എന്നെ പഠിപ്പിച്ചത്‌...
സാമ്യങ്ങളുടെ എന്റെ കൂട്ടുകാരീ.
.അത്‌ നീ തന്നെയായിരുന്നു...
ഒരൊറ്റ വരി കവിത പോലെ
സ്വയം ലോകത്തിനു ഒറ്റുകൊടുത്ത്‌ കൊണ്ട്‌..............

9 comments:

Shooting star - ഷിഹാബ് said...

സാമ്യങ്ങളുടെ കൂട്ടുകാരി.. നന്നായിരിക്കുന്നു. ചികഞ്ഞു നോക്കി മുള്ളില്ലായിരുന്നു കളയാന്‍.

നന്ദകുമാര്‍ ഇളയത് സി പി said...

ഷിഹാബ് നന്ദി വീണ്ടും കാണ്‍ഊമല്ലോ?

തണല്‍ said...

ആറ്റിക്കുറുക്കിയാല്‍ മികച്ചവയുണ്ടാക്കാനുള്ള
കഴിവുണ്ട്..തുടരുക.

അജ്ഞാതന്‍ said...

nice :)

നന്ദകുമാര്‍ ഇളയത് സി പി said...

നന്ദി

ഹരിശ്രീ said...

നന്നായിരിയ്കുന്നു മാഷേ...

:)

നന്ദകുമാര്‍ ഇളയത് സി പി said...

ശ്രീ നന്ദി.. നിങ്ങളുടെ സാന്നിധ്യം തുടര്‍ന്നും കാണുമല്ലോ?

lakshmy said...

''മുന്നറിവില്ലാത്ത അപ്രതീക്ഷിത
നിമിഷങ്ങളില്‍ ഇണങ്ങുകയും
അതേ അപ്രതീക്ഷിതത്തോടെ
നുണക്കുഴി തെളിയും പുഞ്ചിരിയുമായ്‌
ഇണങ്ങുകയും ചെയ്യുന്ന ''

ഇവിടെ ഒരു പിശകു പറ്റിയിട്ടുണ്ടോ? അതോ എനിക്കു മനസ്സിലായതിന്റെ കുഴപ്പമാണോ?

ഈ കവിത എനിക്ക് ഒരുപാടിഷ്ടമായി

നന്ദകുമാര്‍ ഇളയത് സി പി said...

ലക്ഷ്മീ, അത് തെറ്റുപറ്റിയതു തന്നെ. പോസ്റ്റിയ ശേഷമാണ് ശ്രദ്ധയില്‍ പെട്ടത്. പിന്നെ അങ്ങനെ തന്നെ ഇരിക്കട്ടേ എന്ന് കരുതി. പിശകു ചൂണ്ടി കാണിച്ചതിനു നന്ദി... തുടര്‍ന്നും കാണുമല്ലോ?