2008-06-23

എന്റെ ഡയറി നാലാം താള്‍

കിഴക്കോട്ടു തുറക്കുന്ന ജാലകമുള്ള എന്റെ മുറിയുടെ ഏകാന്തതയില്‍ ഇരുന്ന്
ജാലക പടികള്‍ക്കുമപ്പുറം ചാഞ്ഞും ചെരിഞ്ഞും പതിക്കുന്ന മഴനൂലുകളിലേക്ക്
നോക്കിയിരിക്കേ ഏതോ ഓര്‍മ്മകള്‍ പടികടന്നെത്തുന്നത് ഞാനറിയുന്നു.
കൊച്ചുകുട്ടിയുടെ കുസ്രുതിക്കൊപ്പം മഴച്ചാറലില്‍ തുള്ളിക്കളിക്കുന്ന വാത്സല്യം....
പടിപ്പുരയും കടന്ന് ഉമ്മറമുറ്റത്തേക്കുള്ള നടപ്പിനിടയില്‍ വഴിയില്‍ വീണുക്കിടക്കുന്ന തേന്മാങ്ങയില്‍
ആദ്യം പതിക്കുന്ന കൊതിയൂറും സ്പര്‍ശം..
ഒടുവില്‍ കൈയ്യിലെ പഴയ ആ സിന്ദൂരചെപ്പില്‍ കുപ്പിവള്‍പ്പൊട്ടുകളും ബട്ടനുകളും

മയിപ്പീലിത്തുണ്ടുകളും തൂവ്വലുകളും എല്ലാം എടുത്തുവക്കുകയും അവയുടെ ആര്‍ദ്രതയെ കുറിച്ച് വാതൊരാതെ സംസാരിക്കുകയും ചെയ്യുന്ന എന്റെ........

എന്റെ ആ...................

മഴത്തുള്ളികള്‍ക്ക് എന്തൊരു തണുപ്പ്.... പക്ഷെ....
2008-06-21

എന്റെ ഡയറി മൂന്നാം താള്‍

വിജനമായ ഈ നടപ്പാതയില്‍ വീണ കണ്ണുനീര്‍ത്തുള്ളികള്‍ നിനക്ക്‌...

ഇരുളടഞ്ഞ നെല്‍ അറ മുറിക്കുള്ളിലെ ഈ നീളന്‍ മെഴുകു തിരിയും നിനക്ക്‌....

ഏകാകിയുടെ വിലാപം പോലെ അലയടിക്കുന്ന ഈ മാനസ സ്വപ്നങ്ങളും നിനക്ക്‌...

മധുരോദാരമായ പ്രതീക്ഷകളും മോഹങ്ങളും സിന്ദൂരചെപ്പിലാക്കി സൂക്ഷിച്ചിരുന്ന
ഈ കണ്ണാടി കൂടും താഴെ വീണുടഞ്ഞപ്പോള്‍ .....

ഇപ്പോള്‍ ,
ഈ വള്‍പ്പൊട്ടുകളും നിനക്ക്‌...
എന്നിലെ ഞാനും നിനക്ക്‌...
ഇനിയെന്റേതയി ഒന്നുമില്ല..
നിന്റേതായുള്ളവയെല്ലാം നിനക്ക്‌ തിരികെ തന്നാല്‍
പിന്നെയെന്നില്‍ എന്റെതായി എന്താണവശേഷിക്കുക?

ഞാന്‍ തന്നെയും എങ്ങനെയാണ്‌.......????
2008-06-20

എന്റെ ഡയറി രണ്ടാം താള്‍

തുടര്‍ച്ചയായുള്ള വായനയുടെ അസഹ്യതയുമായി വീര്‍ത്തുകെട്ടിയ മുഖവുമായി
വിദൂരതയിലെ ഏതോ അദൃശ്യ ദൃശ്യത്തിലേക്ക്‌ നോക്കിയിരിക്കുന്ന നിന്നെ
ദൂരേ മാറിനിന്ന് നോക്കി കാണുമ്പോള്‍ എന്തു ഭംഗിയാണെന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍.

തീര്‍ത്തും അശ്രദ്ധയോടെ നീയങ്ങനെയിരിക്കുമ്പോള്‍ കണ്ണിമക്കാതെയുള്ള നിന്റെയാ

നോട്ടത്തിലും പക്ഷെ എനിക്കരിയാം നിന്നിലേക്ക്‌ എന്നതിനേക്കാള്‍
ഒട്ടും അകലത്തിലേക്കല്ല നീ നോക്കുന്നത്‌ എന്ന്.

മുന്‍ ധാരണകളുടെ അഭാവത്തില്‍ നീയങ്ങനെ ഇരിക്കുമ്പോള്‍ എന്തായിരിക്കും ഓര്‍ത്തത്‌?

അല്‍പം മുന്‍പ്‌ വായിച്ചു നിര്‍ത്തിയ വാചകങ്ങളോ,
അതോ തനിക്കു കിട്ടിയ അമൂല്യമായ നിധിയേ കുറിച്ചു സംസാരിച്ച എന്നേയോ?

ആയിരപ്പാതിയിലേറെ പൗര്‍ണ്ണമികള്‍ കണ്ടിട്ടും മനസ്സേ പഴയ കളിപ്പാട്ടങ്ങളോട്‌ എന്തേ ഈ പ്രിയം?????
2008-06-11

പ്രാര്‍ത്ഥന

അപ്പു അച്ഛനോടും അമ്മയോടുമൊപ്പം മുത്തശ്ശനേയും മുത്തശ്ശിയേയും കാണാന്‍ എത്തിയതാണ്‌..

ഉച്ചക്ക്‌ ഊണു കഴിക്കാന്‍
ഇരിക്കവേ അമ്മ അപ്പുവിനോടു പറഞ്ഞു:
"മോനേ ഊണു കഴിക്കുന്നതിനു മുന്‍പ്‌ ദൈവത്തോടു പ്രാര്‍ത്ഥിക്കു"
അപ്പു പറഞ്ഞു :
"ഇല്ല അതു വേണ്ട"

അമ്മ നിര്‍ബന്ധിച്ചു :

" പാടില്ല മോനേ ഈ ഭക്ഷണം തന്ന ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണം "
അപ്പു പക്ഷെ അതിനു തയ്യറായിരുന്നില്ല.
അവന്‍ അമ്മയേ ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതു കണ്ട്‌ അമ്മക്കു ദേഷ്യം വന്നു..
അമ്മ പറഞ്ഞു :

"അപ്പൂ പ്രാര്‍ത്ഥിക്കൂ നമ്മള്‍ വീട്ടില്‍ എപ്പോഴും അങ്ങനെ ചെയ്യാറുണ്ട്‌..... പിന്നെന്താ ഇപ്പോ? "

അപ്പു പറഞ്ഞു :

" അത്‌ വീട്ടില്‍ ഇവിടെ മുത്തശ്ശിയല്ലേ ഭക്ഷണം ഉണ്ടാക്കുന്നത്‌? മുത്തശ്ശിയ്ക്കറിയാം എങ്ങനെയാണ്‌ ഭക്ഷണം ഉണ്ടാക്കേണ്ടത്‌ എന്ന്"

അപ്പു പറഞ്ഞത്‌ കേട്ട്‌ എല്ലാവരും ചിരിച്ചു പോയി.....
2008-06-10

എന്റെ ഡയറി

ജന്മഗൃഹം ഭൂമിയും സ്വര്‍ഗ്ഗവുമായുള്ള രണ്ടു പേര്‍..........
സ്വര്‍ഗ്ഗമാണെന്റെ ജന്മഗൃഹം,മനസ്സില്‍ ഒരു സ്വര്‍ഗ്ഗവാസത്തിന്റെ ഓര്‍മ്മ മാത്രം ബാക്കിയെന്ന് പറഞ്ഞ അവളും...
ഭൂമിയാണെന്റെ ജന്മഗൃഹം ,
ഒരിക്കല്‍ ആരോ ഒരാള്‍ കിളിക്കൊഞ്ചലുകൊണ്ട്‌ കാതു കെട്ടി,
മയില്‍പീലി സ്വപ്നങ്ങളാല്‍ കണ്ണു കെട്ടി...
സ്വര്‍ഗ്ഗത്തിലേക്കാനയിച്ച്‌,
പിന്നീട്‌ ചെയ്യാത്ത തെറ്റിന്റെ ശിക്ഷയായി സ്വര്‍ഗ്ഗത്തില്‍
നിന്നും പുറത്തെറിയപ്പെട്ട,
ഭൂമിയും സ്വര്‍ഗ്ഗവും നഷ്ടമായി
ഭുമിയിലേക്കു വരാന്‍ വഴിയറിയാതെ
എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ അനുവാദമില്ലാതെ
ആകാശ വീഥിയില്‍ ഒരേകതാരകമാവാന്‍ വിധിക്കപ്പെട്ട അവനും...

ഇവര്‍ക്കിടയില്‍ ഞാന്‍ വല്ലാതെ അമ്പരന്നു പോകുന്നു

സുഹൃത്ത്‌

അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു...

പ്രാര്‍ത്ഥനയില്‍ അവന്‍ ദൈവത്തോട്‌ അവന്റെ മരണം ചോദിച്ചു...

ദൈവം ചിരിച്ചു കൊണ്ട്‌ പറഞ്ഞു
നിന്റെ മരണം ഞാന്‍ നിനക്കു തരാം....
പക്ഷെ....
പക്ഷെ നിന്റെ ആയുസ്സിനു വേണ്ടി എന്നോട്‌ പ്രാര്‍ത്ഥിച്ച

നിന്റെ ആ സുഹൃത്തിനെ ഞാന്‍ എന്തു ചെയ്യും.....?